കൊണ്ടോട്ടി : തേഞ്ഞിപ്പലം സ്വദേശിയായ മുപ്പത്താറുകാരനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. പുളിക്കൽ ചെറുകാവ് കുണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടിപ്പീടിക പുള്ളിശ്ശേരിക്കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലൊടി സഹീർ (40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ആക്രമണത്തിനിരയായ യുവാവ് മുൻ എസ്.ഡി.പി.ഐ. പ്രവർത്തകനാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കാനുള്ള കാരണം വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഘടന വിട്ടതിലുള്ള പ്രതികാരമാണെന്നാണു സൂചന.കഴിഞ്ഞ 20-ന് രാത്രിയിൽ യുവാവിനെ പള്ളിക്കലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി കരിപ്പൂരിലുള്ള എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. നഗ്നനാക്കി മാരകായുധങ്ങളുപയോഗിച്ചും കെട്ടിത്തൂക്കിയും മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും യുവാവ് പോലീസിനോടു പറഞ്ഞു. പരിക്കേറ്റ യുവാവിനെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇക്കാരണത്താൽ യുവാവ് പരാതി നൽകിയിരുന്നില്ല.
കഴിഞ്ഞ എട്ടാംതീയതി അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വധഭീഷണി ഉയർത്തിയതോടെയാണ് ഇയാൾ പരാതി നൽകിയത്. തുടർന്നാണ് മൂന്നുപേരെ പിടികൂടിയത്. കേസിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, കരിപ്പൂർ ഇൻസ്പെക്ടർ പി. ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ്.ഐ. ദിനേശൻ, എ.എസ്.ഐ. രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.