തിരുവനന്തപുരം : മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവ്വകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കൂടാതെ 6 അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്മെന്റിന് നിർദേശം നൽകി. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ കോളേജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സർവ്വകലാശാല കണ്ടെത്തുകയായിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ നടപടിയുണ്ടായത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.