തിരുവനന്തപുരം : ദുരന്ത നിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരൻ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിൻ്റെ കയ്യിൽ പോലും കണക്കില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. വയനാടിന് എത്ര തുക കൊടുത്തു, എത്ര കൊടുക്കാൻ കഴിയും എന്നാണ് ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കടങ്ങൾ എഴുതിത്തള്ളണം എന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ സർക്കാരിൻ്റെ കയ്യിൽ കണക്കില്ല. എത്ര എഴുതി തള്ളണം എന്ന് അറിയില്ല. കടം എത്ര ഉണ്ട് എന്ന കണക്കും സർക്കാരിന് അറിയില്ല. ഒരു മുൻ എംഎൽഎയുടെ കുടുംബത്തിൻ്റെ കടം വീട്ടാൻ ദുരിതാശ്വാസ ഫണ്ട് എടുത്തുവെന്നും മുരളീധരൻ ആരോപിച്ചു.
നവംബർ 13-നാണ് റിപ്പോർട്ട് കൊടുത്തത്. ഒരുമാസം പോലും ആയില്ല. കേന്ദ്ര സർക്കാരിന് ഒരു മാസം പോലും തന്നില്ലെന്നും
വി മുരളീധരൻ പറഞ്ഞു. വീട് പണിയാൻ സർക്കാർ സ്ഥലം കണ്ടെത്തിയോ? പണം വേണമെന്ന് പറയുന്നു, പക്ഷേ സ്ഥലം എവിടെ എന്ന് പറയുന്നില്ല. ദുരിതാശ്വാസ നിധിയിൽ 688 കോടി കിട്ടിയതിൽ 7 കോടി മാത്രമാണ് ചെലവാക്കിയത്. ഇത് ഉരുൾപൊട്ടൽ നടന്ന ശേഷം പിരിച്ചതാണെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. ബാക്കി ചെലവാക്കുന്നതിൽ ഒരു പ്ലാനും ഇല്ല. കേരളത്തോട് രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്നാണ് പറയുന്നത്. ഡിസംബറിൽ കൊടുക്കേണ്ടത് ഒക്ടോബറിൽ കൊടുത്തത് ദുരന്തം നടന്നത് കൊണ്ടാണ്. ബിഹാറിന് 11500 കോടി കൊടുത്തത് ബജറ്റിലാണ്. അതിന് ദുരന്തവുമായി ബന്ധമില്ല. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമർശം അടിസ്ഥാന ധാരണ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.