ടെക്‌സസ്: അല്‍ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് മുന്‍ നാവിക സേനാംഗം റോബർട്ട് ജെ ഒ’നീൽ അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് റോബര്‍ട്ട് ഒ’നീല്‍ അറസ്റ്റിലായത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് അറസ്റ്റെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിനു പിന്നാലെ 3500 ഡോളറിന്‍റെ ജാമ്യത്തില്‍ റോബർട്ട് ഒ’നീലിനെ വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഫ്രിസ്കോ പൊലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച് 47കാരനായ ഒ’നീലും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2011 മെയ് മാസത്തില്‍ പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. അമേരിക്ക ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ലാദനെ വധിച്ചത്. താനാണ് ലാദനെ വെടിവെച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന റോബര്‍ട്ട് ജെ ഒ’നീല്‍ അവകാശപ്പെട്ടിരുന്നു. ദി ഓപ്പറേറ്റർ എന്ന പുസ്തകത്തിൽ ഇതു സംബന്ധിച്ച് റോബര്‍ട്ട് ഒ’നീല്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാദനെ വധിച്ചത് താനാണെന്ന ഒ’നീലിന്‍റെ അവകാശവാദം അമേരിക്ക പരസ്യമായി അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.
ലാദന്‍റെ പാകിസ്ഥാനിലെ ഒളിത്താവളം മനസ്സിലാക്കിയ യുഎസ് കമാന്‍ഡോ സംഘം, അബോട്ടാബാദിലെ ബംഗ്ലാവിന് സമീപം ഹെലികോപ്റ്ററിലാണ് ഇറങ്ങിയത്. സംഘം മതില്‍ ചാടിക്കടന്ന് ബംഗ്ലാവിന്‍റെ മൂന്നാം നിലയിലെത്തി. മുറിയില്‍ ലാദന്‍ ഉണ്ടായിരുന്നുവെന്നും ഒരു നിമിഷം പോലും പാഴാക്കാതെ ലാദന്‍റെ തല ലക്ഷ്യമാക്കി താന്‍ വെടിയുതിര്‍ത്തെന്നും റോബര്‍ട്ട് ഒ’നീല്‍ അവകാശപ്പെട്ടു. മരണം ഉറപ്പാക്കാന്‍ ഒരു തവണ കൂടി താന്‍ വെടിയുതിര്‍ത്തെന്നും ഒ’നീല്‍ പുസ്തകത്തില്‍ പറയുന്നു. ഇതോടെ ഒ’നീല്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
റോബര്‍ട്ട് ഒ’നീലിന് ഇതിനു മുന്‍പും നിയമ നടപടികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. 2016ല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോണ്ടാനയില്‍ വെച്ച് അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ കേസ് തള്ളി. 2020ല്‍ കോവിഡ് വ്യാപനത്തിനിടെ മാസ്ക് ധരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ് ഒ’നീലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.