തൃശൂർ: കൊരട്ടിയിൽ അനധികൃത വെടിമരുന്നുശാലയിൽ നിന്ന് നാൽപതുകിലോ വെടിമരുന്ന് പൊലീസ് പിടികൂടി. വീട്ടുടമ ഉൾപ്പടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈഎസ്പിയും സംഘവും നടത്തിയ പരിശോധനയിലാണ് നാൽപതു കിലോ വെടിമരുന്ന് കണ്ടെത്തിയത്.
കൊരട്ടിയിലെ വിജനമായ സ്ഥലത്ത് അനധികൃത വെടിമരുന്നുശാല പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തെരച്ചിൽ. ആയിരത്തിലേറെ ഗുണ്ടുകളും , അരലക്ഷം ഓലപ്പടക്കവും കണ്ടെത്തി. ഒരുവർഷമായി ഈ കേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നു. വീട്ടുടമ കണ്ണമ്പുഴ വർഗീസാണ് പടക്കനിർമാണം ഏറ്റെടുത്തിരുന്നത്. രണ്ടു ജോലിക്കാരേയും സ്ഥിരമായി നിയോഗിച്ചിരുന്നു. ആരാധാനാലയങ്ങളിലേക്കുള്ള ഓലപ്പടക്കങ്ങളും ഗുണ്ടുകളുമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കുണ്ടന്നൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലിസിന് രഹസ്യവിവരം കിട്ടിയത്. പരിസരത്താകെ ഒരു വീടുമാത്രമേയുള്ളൂ. പടക്കം നിർമിക്കാൻ ലൈസൻസ് എടുത്തിരുന്നില്ല. ആലുവയിലെ പടക്കനിർമാണ കേന്ദ്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് കണ്ണമ്പുഴ വർഗീസ് പടക്കം നിർമിച്ചതെന്ന് പൊലീസ് പറയുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. പിടിച്ചെടുത്ത വെടിക്കെട്ട് സാമഗ്രികൾ പോലീസ് നിർവീര്യമാക്കും.