മംഗലപുരം (തിരുവനന്തപുരം): ചെമ്പകമംഗലം ചന്തയിൽ നിന്നു വാങ്ങിയ ചൂര മീനിൽ പുഴുവിനെ കണ്ടെത്തി. മീൻ വാങ്ങിയ ചെമ്പകമംഗലം കുറക്കട സ്വദേശി ശിവകുമാർ മംഗലപുരം പഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകി.
തിങ്കളാഴ്ച രാവിലെ വാങ്ങിയ മീൻ വീട്ടിലെത്തിച്ച് മുറിച്ചു നോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. ഒരു മാസത്തിന് മുമ്പും ഇവിടെ നിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി ഇവർ പറയുന്നു. ഇക്കാര്യം പഞ്ചായത്തിലും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതാണ് തുടർന്നും ഇതു പോലെ പഴകിയ മീൻ ചന്തയിൽ കൊണ്ടു വന്നു വിൽക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുരുക്കുംപുഴ ചന്തയിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ചെമ്പകമംഗലത്തെ ചന്ത സമയം കഴിഞ്ഞതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ലായെന്നും തുടർ ദിവസങ്ങളിൽ മംഗലപുരം, ചെമ്പകമംഗലം പ്രദേശങ്ങളിലെ ചന്തകളിൽ പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.