കോഴിക്കോട് : ശുദ്ധജല ആവാസവ്യവസ്ഥകളിൽ വസിക്കുന്ന പുതിയ ഇനം തവളയെ ഗവേഷകർ കേരളത്തിൽനിന്ന് കണ്ടെത്തി. യൂഫൈലെറ്റിസ് ജലധാര എന്നാണ് പുതിയ സ്പീഷീസിന് പേരു നൽകിയിരിക്കുന്നത്. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള ജലാശയത്തിൽനിന്നാണ് തവളയെ ആദ്യമായി കിട്ടിയത്. പിന്നീട് കേരളം മുതൽ ഗുജറാത്ത് വരെയുള്ള തീരപ്രദേശങ്ങളിൽനിന്ന് ഇവയെ ലഭിക്കുകയുണ്ടായി. കഴിഞ്ഞവർഷം ഇതേ ഗവേഷക സംഘം ‘ഫൈനോഡെർമ കേരള’ എന്ന് പേരിട്ട ശുദ്ധജല തവളയെയും തട്ടേക്കാടുനിന്ന് കണ്ടെത്തിയിരുന്നു. ശുദ്ധജലത്തിൽമാത്രം കാണപ്പെടുന്നതുകൊണ്ടാണ് പുതിയ സ്പീഷീസിന് ‘ജലധാര’ എന്നു പേരിട്ടത്. ശുദ്ധജല ആവാസ വ്യവസ്ഥകൾ സംരക്ഷിക്കപ്പടേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതാണ് കണ്ടെത്തലെന്ന് ഗവേഷണ സംഘത്തിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുണെ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. കെ.പി. ദിനേശ് പറഞ്ഞു.
ന്യൂസീലൻഡ് ശാസ്ത്ര പ്രസിദ്ധീകരണം സൂടാക്സയിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുവോളജിക്കൽ സർവേ കോഴിക്കോട് കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ബി.എച്ച്. ചന്നകേശവമൂർത്തി, ബെംഗളൂരു മൗണ്ട് കാർമൽ കോളേജിലെ ഡോ. പി. ദീപക്, ഭുവനേശ്വർ നൈസറിലെ ഡോ. കൗശിക് ദ്യുതി, ഡോ. അവരജൽ ഘോഷ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.