കോഴിക്കോട്: രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി കോഴിക്കോട് നാല് പേർ പിടിയിലായി. കോഴിക്കോട് പുതിയ പാലം സ്വദേശി അർജുൻ രാധാകൃഷ്ണനെ റെയിൽവേ ലിങ്ക് റോഡിന് സമീപത്തു വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒൻപത് ഗ്രാം എം ഡി എം എ യും പിടികൂടിയിട്ടുണ്ട്.
ബാലുശ്ശേരിയിൽ നിന്നാണ് രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. ഇവിടെ നിന്ന് മയക്കു മരുന്നുമായി മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. നന്മണ്ട സ്വദേശി അനന്തു കെ ബി, കണ്ണങ്കര സ്വദേശി ജാഫർ, അമ്പായത്തോട് സ്വദേശി മിർഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും എം ഡി എം എ യും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി.
ഇന്നലെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് 170 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശികളായ കിരൺ, ശരത് എന്നിവരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സാണ് പിടികൂടിയത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായവർ നേരത്തെ വിവിധ കേസുകളിൽ പ്രതികളാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റിയിലാണ് പ്രതികൾ പാലക്കാട്ടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ സമയത്ത് പാലക്കാട്ടെ എക്സൈസ് സംഘവും ആർ പി എഫ് സംഘവും ചേർന്നുള്ള സംയുക്ത പരിശോധന നടക്കുകയായിരുന്നു. ഇത് കണ്ട കിരണും ശരതും പരിശോധനാ സംഘത്തിൽ പിടിയിൽ പെടാതെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സർക്കാർ ഏജൻസികൾ ഇവരെ തടഞ്ഞുവെച്ച് പരിശോധന നടത്തി. അപ്പോഴാണ് ഇവരുടെ പക്കൽ നിന്ന് 170 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്. പ്രതികളായ കിരണിനെയും ശരതിനെയും തുടർ നടപടികൾക്കായി എക്സൈസ് സംഘത്തിന് കൈമാറി.