മസ്കറ്റ് : ഒമാനില്‍ വ്യാജ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. പതിനായിരം ഒമാനി റിയാലിന്റെ കള്ളനോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വന്‍ വിദേശ വ്യാജ കറന്‍സി ശേഖരം കൈവശം വെക്കുകയും വ്യാജ കറൻസി ഇടപാടിൽ ഉൾപ്പെടുകയും ചെയ്ത അറബ് പൗരത്വമുള്ള നാല് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് പിടികൂടിയതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നു. പോലീസിന്റെ പിടിയിലായ പ്രതികളുടെ കൈവശം വൻതോതിൽ വ്യാജ വിദേശ കറൻസികൾ കണ്ടെത്തിയാതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പതിനായിരം ഒമാനി റിയാലിന് ഈ കറൻസികൾ മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു സ്വദേശി പൗരനെ കബളിപ്പിച്ച കേസിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി കഴിഞ്ഞതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.