കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ കാല്‍നടയാത്രക്കാര്‍ക്ക് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിയിലായ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റ് ചെയ്തവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി.
വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി. ഇവര്‍ക്ക് 500 ദിനാര്‍ വരെ ശിക്ഷ ലഭിക്കും. മറ്റുള്ളവര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ റോഡുകളില്‍ കൂട്ടം കൂടരുതെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങള്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.




















