തളിപ്പറമ്പ് : സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽ നിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു. യുവതികൾ പെരുന്നാൾ ദിവസമാണ് വീട്ടിൽനിന്ന് പോയതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സംഘം പറഞ്ഞു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.