കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് നാല് പ്രവാസികളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. ഫിന്റാസില്‍ അഹ്‍മദി പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വിവിധ വകുപ്പുകള്‍ നടത്തി വരുന്ന പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്. ഒരാഴ്‍ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പരിശോധനയ്ക്കിടെ അധികൃതര്‍ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. പ്രദേശികമായി മദ്യം നിര്‍മിച്ച് എസന്‍സും കളറും ചേര്‍ത്ത ശേഷം വിദേശ ബ്രാന്‍ഡുകളുടെ ബോട്ടിലുകളില്‍ നിറച്ച് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി.
വന്‍ മദ്യ ശേഖരത്തിന് പുറമെ മദ്യം വിറ്റ് സമ്പാദിച്ച പണവും മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പരിശോധനയില്‍ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര മദ്യ ബ്രാന്‍ഡുകളുടെ ലേബലുകള്‍ വ്യാജമായി അച്ചടിക്കുന്നതിന് ചെറിയ പ്രിന്റിങ് പ്രസും ഇവിടെയുണ്ടായിരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ലേബലുകള്‍ ഒട്ടിച്ചാണ് മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. വിദേശ മദ്യ ബ്രാന്‍ഡുകളുടെ ലേബലുകള്‍ പതിച്ച നിരവധി മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ നാല് പ്രവാസികളെയും കുവൈത്തില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി കഴിഞ്ഞയാഴ്ചയും അറസ്റ്റിലായിരുന്നു. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.