ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാം. ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താന്‍ നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. മുഖക്കുരു അകറ്റാൻ നിങ്ങൾ വിവിധ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമാണിത്.
മുഖക്കുരുവിനോട് വിടപറയാൻ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ന്യൂട്രീഷ്യനിസ്റ്റായ നവമി അഗർവാൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. പഞ്ചസാര
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിലെ വീക്കം വർദ്ധിപ്പിക്കും, അത് മുഖക്കുരുവിന് കാരണമാകും.
കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ഇൻസുലിൻ ഉൽപാദനം വർധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതു ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.
2. പാലുല്‍പ്പന്നങ്ങള്‍
പാലുൽപ്പന്നങ്ങൾ, പ്രത്യേകിച്ച് പശുവിൻ പാൽ, ചില വ്യക്തികളിൽ വീക്കം ഉണ്ടാക്കുമെന്നും മുഖക്കുരുവിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. കാരണം പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍
അമിത കലോറിയും കാര്‍ബോയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്‍റെ സാധ്യതയെ കൂട്ടാം.
4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം. കാരണം ഇത്തരം ഭക്ഷണങ്ങളിലെ എണ്ണ മുഖത്തെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.