ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ തൊടുത്തുവിട്ടു. ഇതിനു പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും ഉണ്ടായി.
അഞ്ചു വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ജപ്പാന് കുറുകെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത് മേഖലയിലാകെ ഭീതി പരത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തര കൊറിയയുടെ ഈ മിസൈൽ പരീക്ഷണത്തെ നിശിതമായ ഭാഷയിൽ വിമർശിച്ചു.
ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ തൊടുത്തത്. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. കമ്യൂണിസ്റ്റ് കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ സർക്കാർ അപലപിച്ചു.
ജപ്പാൻ്റെ വടക്കൻ മേഖല ലക്ഷ്യമിട്ടാണ് മിസൈൽ വരുന്നതെന്നായിരുന്നു ആദ്യം വന്ന മുന്നറിയിപ്പുകൾ. ഇതേ തുടർന്ന് മേഖലയിലെ രണ്ട് നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പരിഭ്രാന്തിയും സമ്മർദ്ദവും നിറഞ്ഞ മണിക്കൂറുകൾക്ക് പിന്നാലെ പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെ ഉത്തര കൊറിയയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ എന്ന് സംശയിക്കുന്ന ഒരു വസ്തു ജപ്പാന് മുകളിലൂടെ പറന്നതായി സംശയിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് ജപ്പാൻകാരുടെ ആശങ്ക അയഞ്ഞത്.
മിസൈൽ കടലിൽ പതിച്ചതായാണ് കരുതുന്നതെന്നും കടലിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾക്ക് അടുത്ത് പോകുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും ജപ്പാൻ കോസ്റ്റ് ഗാർഡ് പിന്നീട് മത്സ്യത്തൊഴിലാളികൾക്കും ജപ്പാൻ തീരമേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മുന്നറിയിപ്പ് നൽകി.