ബെലഗാവി: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കർണാടകയിലെ വെള്ളച്ചാട്ടത്തിൽ വീണ് നാലു പെൺകുട്ടികൾ മരിച്ചു. ബെലഗാവിക്ക് സമീപം കിത്വാഡ് വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം.
ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ മദ്രസയിൽനിന്നെത്തിയവരാണ് പെൺകുട്ടികളെന്ന് ദ ഹിന്ദു റിപ്പോർട്ട് പറയുന്നു. 40ഓളം പെൺകുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി വെള്ളച്ചാട്ടം കാണാനെത്തിയത്. അഞ്ച് പെൺകുട്ടികളാണ് വെള്ളത്തിലേക്ക് വീണത്. ഒരു പെൺകുട്ടിയെ സമീപവാസികൾ രക്ഷിച്ച് ഉടൻ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് ഒഴുകുന്നതിനാൽ, മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ മഹാരാഷ്ട്ര പൊലീസിന്‍റെ കൂടി അനുമതിക്ക് കാത്തുനിൽക്കുകയാണ് കർണാടക പൊലീസ്.
സംഭവമറിഞ്ഞ് വൻജനക്കൂട്ടം ആശുപത്രിയിൽ തടിച്ചുകൂടി. ബെലഗാവി ജില്ല ഡെപ്യൂട്ടി കമ്മീഷണർ രവീന്ദ്ര ഗഡാഡി ആശുപത്രിയിലെത്തി. കൂടുതൽ പൊലീസിനെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്.