തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്ത ബില്ലുകളിൽ നാല് മന്ത്രിമാർ രാജ്ഭവനിൽ ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലുകളിൽ ഗവർണർ ഒപ്പു വച്ചേയ്ക്കില്ലെന്നാണ് സൂചന. കെടിയു വിസി നിയമനത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടേക്കും.
നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിന്മേൽ നാല് മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് വിശദീകരണം നൽകും. രാത്രി എട്ടിനാണ് ഗവർണറുടെ ക്ഷണമനുസരിച്ചു മന്ത്രിമാരെത്തുന്നത്. അത്താഴ വിരുന്നിനൊപ്പമാണ് ചർച്ച. മന്ത്രിമാരായ പി.രാജീവ്, ആർ ബിന്ദു, വിഎൻ വാസവൻ, ജെ.ചിഞ്ചുറാണി എന്നിവരുമായാണ് കൂടിക്കാഴ്ച. മന്ത്രിമാർ നേരിട്ട് വിശദീകരിച്ചാലും ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്.
കെടിയു വിസി നിയമനത്തിൽ സർക്കാർ നൽകിയ പാനലിൽ നിന്നും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി. ആവശ്യപ്പെട്ടേക്കാം. പക്ഷെ പാനൽ നൽകാൻ സർക്കാറിന് നിർദ്ദേശം നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് രാജ്ഭവൻ്റെ ആലോചന.നാളെ വൈകീട്ട് ഗവർണ്ണർ വീണ്ടും ദില്ലിക്ക് പോകും. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ, സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ, ലോകായുക്ത ബിൽ, മിൽമ ഭരണസമിതി ഭേദഗതി ബിൽ അടക്കമുള്ള ബില്ലുകളിലാണ് ഗവർണ്ണർ ഒപ്പ് വെക്കാതിരിക്കുന്നത്.