ചെന്നൈ > തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വീട് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തിങ്കൾ പുലർച്ചെയാണ് സംഭവം. അംബികാപുരം ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന 51 വർഷം പഴക്കമുള്ള വീടാണ് തകർന്നുവീണത്. ഓട്ടോറിക്ഷാ ഡ്രൈവറായ മാരിമുത്തുവിന്റേതാണ് വീട്. മാരിമുത്തുവിന്റെ അമ്മ ശാന്തി(75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രദീപ(12), ഹരിണി(10) എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് മാരിമുത്തു സ്ഥലത്തുണ്ടായരുന്നില്ല.
വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന്റെ മേൽക്കൂര തകർന്ന് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. രാവിലെ അയൽവാസികളാണ് സംഭവം കണ്ടത്. ഉടൻതന്ന പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.