ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവക്ക് 81 വർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബർ മുതൽ 2020 മാർച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
വീട്ടിലെ നിത്യസന്ദര്‍ശകനും കുടുംബ സുഹൃത്തുമായിരുന്ന തടിയമ്പാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനാണ് കേസിലെ പ്രതി. കുട്ടിയിൽനിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈൽഡ്‌ലൈനിനെ അറിയിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്‌റ്റു ചെയ്തു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. അതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 50,000 രൂപയും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പത്തുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. 20 വർഷം ജയിലിൽ കഴിയണം. അയൽവാസിയായ ഇയാൾ കുട്ടിയെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. സംഭവം കണ്ടെത്തിയ സഹോദരിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.