ഇടുക്കി : ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചതിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവം അറിഞ്ഞയുടൻ തന്നെ വെളളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എപ്പോഴാണ് തീപിടുത്തമുണ്ടായതെന്നോ മരണങ്ങളുണ്ടായതെന്നോ കൃത്യമായി അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുഭയുടെ ഭര്‍ത്താവ് കൊവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. പിന്നീട് ശുഭയ്ക്ക് വിഷാദരോഗമുണ്ടായെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.