ശ്രീനഗര്‍: ജമ്മു കശ്മീരിൽ നടപടി കടുപ്പിച്ച് കേന്ദ്രം. നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. കമാൻഡർ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കൺടു, ബാസിത്ത് അഹമ്മദ്, ലഷ്ക്കർ ഭീകരൻ ഹബിബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. യു എ പി എ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിന് ഇവർ നേതൃത്വം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
അതേസമയം ജമ്മു കശ്മീർ ജയില്‍ മേധാവിയായ ഹേമന്ദ് കുമാർ ലോഹ്യയെ ഇന്നലെ രാത്രി ഉദയ്‍വാല മേഖലയിലെ സുഹൃത്തിന്‍റെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സഹായിയായി ജോലി ചെയ്‍തിരുന്ന യാസിർ അഹമ്മദ് മുറിയില്‍വച്ച് ചില്ലുകുപ്പി പൊട്ടിച്ച് കഴുത്തറുത്താണ് ഹേമന്ദ് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാനും ഇയാൾ ശ്രമിച്ചു. ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിയെ ഉച്ചയോടെയാണ് പിടികൂടിയത്. 23 കാരനായ യാസിർ അഹമ്മദ് മാനസികമായി വെല്ലുവിളി നേരിടുന്നുയാളാണെന്നും, വിഷാദ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും ജമ്മു കശ്മീർ ഡിജിപി പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതി മരണത്തെ കുറിച്ചും ആത്മഹത്യയെകുറിച്ചും എഴുതിയ ഡയറികുറിപ്പുകളും കൊലനടന്ന വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള ടിആർഎഫും, പീപ്പിൾസ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന മറ്റൊരു സംഘടനയും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജമ്മുവിലെത്തി മണിക്കൂറുകൾക്കകമാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം നടന്നത്. അമിത് ഷായ്ക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്.