പാലക്കാട്: പുതുപ്പരിയാരം ഫുഡ് കോർപറേഷൻ (എഫ്സിഐ) ഗോഡൗണിൽ റേഷൻ ധാന്യങ്ങൾ കൊണ്ടുപോകുന്നതിനെച്ചൊല്ലി പ്രദേശവാസികളായ ലോറിത്തൊഴിലാളികളും കരാറുകാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. പൊലീസ് ലാത്തിച്ചാർജിൽ 4 പേർക്കു പരുക്കേറ്റു. 9 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ മൂന്നോടെ ആലത്തൂർ, ചിറ്റൂർ മേഖലകളിലെ റേഷൻ കടകളിലേക്കു ഭക്ഷ്യധാന്യം കയറ്റാനെത്തിയ കരാറുകാരന്റെ ലോറിയെച്ചൊല്ലിയാണു തർക്കം തുടങ്ങിയത്. കരാറുകാരന്റെ ലോറിയിൽ ചരക്കു കയറ്റുന്നതു തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും തൊഴിൽ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രദേശവാസികളായ ലോറി ഉടമകളും തൊഴിലാളികളും പ്രതിഷേധിച്ചു. കരാറുകാരന്റെ ലോറികൾ ഇവർ തടഞ്ഞു.
എന്നാൽ, സപ്ലൈകോയുടെ കരാർ നിയമങ്ങൾ പാലിച്ചാണു ലോറികൾ കൊണ്ടുവന്നതെന്നും സ്വന്തം വാഹനങ്ങളിൽ ഭക്ഷ്യധാന്യം കൊണ്ടുപോകാനും പൊലീസ് സംരക്ഷണത്തിനും ഹൈക്കോടതി ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കരാറുകാരൻ പൊലീസ് സഹായം തേടി.
പൊലീസ് സംഘം നിർദേശിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതോടെ പൊലീസ് ലാത്തിവീശി. ലോറി തൊഴിലാളികളായ മൻസൂർ (36), മുസ്തഫ (70), രാജേഷ് (30), ഇസ്മായിൽ (40) എന്നിവർക്കു പുറത്തും കാലിലും അടിയേറ്റ പരുക്കുകളുണ്ട്. പുതുപ്പരിയാരം സ്വദേശികളായ സുനിൽ (36), വാസുദേവൻ (40), ശ്യാം (23), സുന്ദരൻ (61), കൊടുന്തിരപ്പുള്ളി സ്വദേശി അബ്ദുൽ അസീസ് (41), മുസ്തഫ (41), നാസർ കാസിം (53), ധോണിയിലെ ഇബ്രാഹിം (41), മൊയ്തീൻകുട്ടി വള്ളിക്കോട് (51) എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോടതി ഉത്തരവു പാലിക്കാനുള്ള നടപടികളാണു പ്രദേശത്തു സ്വീകരിച്ചതെന്നു പൊലീസ് പറഞ്ഞു. ഏറെനേരം എഫ്സിഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം തടസ്സപ്പെടുകയും ചെയ്തു.