പാരിസ് : യുക്രൈനില്‍ യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ്. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി (Putin)ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി.
റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി്. ഇവയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തിനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.