ഫ്രാൻസ് : ജർമ്മനിയും നെതർലൻഡും യുക്രൈനിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്തിന് പിന്നാലെ കൂടുതൽ സൈനിക സഹായം നൽകുമെന്ന് ഫ്രാൻസും. പ്രതിരോധ ആയുധങ്ങളും ഇന്ധനവും അയക്കുമെന്ന് പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന റഷ്യൻ മാധ്യമങ്ങൾക്കും മറ്റുള്ളവർക്കുമെതിരെ എതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 27 അംഗ രാജ്യങ്ങളുടെ യൂണിയൻ “ഇയുവിൽ നിന്ന് യുക്രൈനിലേക്ക് സൈനിക സഹായം എത്തിക്കാൻ സൗകര്യമൊരുക്കും” – യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ട്വിറ്ററിൽ പറഞ്ഞു.
അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ലെങ്കിലും യുക്രൈനിയൻ സായുധ സേനയ്ക്കുള്ള പുതിയ പാക്കേജ് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ നാളെ യോഗം ചേരുന്നുണ്ട്. യുക്രൈനിന് കൂടുതൽ സൈനിക പിന്തുണ നൽകുമെന്ന് നെതർലൻഡ്‌സ് അറിയിച്ചിരുന്നു. 200 സ്റ്റിംഗർ മിസൈലുകളും 400 മിസൈലുകളുള്ള 50 പാൻസർഫോസ്റ്റ്-3 ആന്റി ടാങ്ക് ആയുധങ്ങളും നൽകും. ബാലിസ്റ്റിക് വസ്ത്രങ്ങൾ, യുദ്ധ ഹെൽമെറ്റുകൾ, സ്‌നിപ്പർ റൈഫിളുകൾ, വെടിമരുന്ന്, മൈൻ ഡിറ്റക്ഷൻ സംവിധാനങ്ങൾ എന്നിവ നൽകാൻ നെതർലൻഡ്‌സ് പാർലമെന്റ് ഇതിനകം സമ്മതിച്ചിട്ടുണ്ട്.