ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെ.എൻ.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാർഥിക്ക് വിജയം. സ്‌കൂൾ ഓഫ് ലാംഗ്വജസ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച മുഹമ്മദ് കൈഫ് ആണ് 633 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കൗൺസിലർ സ്ഥാനത്തേക്കുള്ള ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഹാർ സ്വദേശിയാണ് കൈഫ്. അറബി വിഭാഗത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. എസ്.എഫ്.ഐ പാനലിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചിട്ടുണ്ട്. ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 73 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. വൈകീട്ട് ഏഴു മണിയോടെയായിരിക്കും പൂർണമായ ഫലം പുറത്തവരിക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഫലങ്ങളെല്ലാം അവസാനമായിരിക്കും പ്രഖ്യാപിക്കുക. കഴിഞ്ഞ യൂനിയൻ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചിരുന്നത്.