ബെംഗളുരു: ആര്‍ടിഒയുടെ പേരില്‍ നിയമ ലംഘനത്തിന്‍റെ അറിയിപ്പ് സന്ദേശത്തിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്. ബെംഗളുരുവില്‍ ഐടി മേഖലയിലെ ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയത്. ആർടിഒയുടെ പേരിൽ ലഭിച്ച മെസേജ് വിശ്വസിച്ച 26കാരിയുടെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയത്. വാഹനം ഒരു ഹിറ്റ് ആന്‍ഡ് റൺ കേസില്‍ ഉള്‍പ്പെട്ടതായാണ് തട്ടിപ്പ് സംഘം യുവതിയെ വിശ്വസിപ്പിച്ചത്. മോണിക ചൌഹാന്‍ എന്ന യുവതിക്ക് ഓഗസ്റ്റ് 26നാണ് ഐവിആര്‍ മെസേജ് ലഭിക്കുന്നത്.
സന്ദേശത്തിലെ നിര്‍ദേശം അനുസരിച്ച് ആര്‍ടിഒയോട് സംസാരിക്കാനായി നിര്‍ദേശിച്ച നമ്പറില്‍ യുവതി ക്ലിക്ക് ചെയ്തിരുന്നു. ഇതോടെ യുവതിയുടെ കോള്‍ മറ്റൊരിടത്തേക്ക് കണക്ട് ചെയ്യുകയായിരുന്നു. മുംബൈയിലാണ് യുവതിയുടെ പേരില്‍ ചലാന്‍ രജിസ്റ്റര്‍ ആയിരിക്കുന്നതെന്നും മുംബൈ കോടതിയില്‍ തുടര്‍ നടപടികള്‍ക്കായി ഹാജരാകണമെന്നും ഫോണില്‍ നിർദേശം ലഭിച്ചു. ഇതോടെ ഭയന്നുപോയ യുവതി താമസിക്കുന്നത് ബെംഗളുരുവിലാണെന്നും അടുത്ത കാലത്ത് മുംബൈയില്‍ പോയിട്ടില്ലെന്നും യുവതി ഫോണില്‍ പറഞ്ഞതോടെ ചലാന്‍ വിശദമായി പരിശോധിക്കാന്‍ മുംബൈ പൊലീസിലേക്ക് കോള്‍ കൈമാറുകയാണെന്നും ആര്‍ടിഒ എന്ന് അവകാശപ്പെടുന്നയാള്‍ വിശദമാക്കി. ഇതിനായി സ്കൈപ്പിലൂടെ വിളിക്കാനും നിർദേശിച്ചു. ഈ വീഡിയോ കോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റെക്കോര്‍ഡ് ചെയ്യുന്നതായും ആര്‍ടിഒ ചമഞ്ഞ തട്ടിപ്പ് സംഘം വിശദമാക്കി.
വീഡിയോ കോളില്‍ വന്ന് പൊലീസ് വേഷ ധാരി ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ യുവതിയില്‍ നിന്ന് ശേഖരിക്കുകയായിരുന്നു. യുവതിക്ക് തീവ്രവാദ ബന്ധമുള്ള അക്കൌണ്ടുകളിലേക്ക് ബാങ്ക് വഴി ഇടപാട് നടക്കുന്നതായി ബാങ്ക് വിവരങ്ങള്‍ സൂത്രത്തില്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പുകാര്‍ പണം തട്ടുകയായിരുന്നു. വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ പണം തിരികെ ലഭിക്കുമെന്ന രീതിയിലായിരുന്നു പണം തട്ടിയെടുത്തത്. രണ്ട് അക്കൌണ്ടുകളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയത്.
പണം തിരികെ വരാതാവുകയും സംഘം ശേഷിക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുക കൂടി ചെയ്തതോടെ യുവതി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ തന്നെ യുവതി നല്‍കിയ രണ്ട് ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം നഷ്ടമായിരുന്നു. ഇതോടെയാണ് യുവതി സഹായം തേടി പൊലീസിനെ സമീപിച്ചത്.