തൊടുപുഴ: കരിങ്കുന്നത്തെ ലോട്ടറി വിൽപന കേന്ദ്രത്തിൽ ടിക്കറ്റ് നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്നവിധം അനധികൃതമായി സെറ്റാക്കി വിൽക്കുന്നതായി കണ്ടെത്തി. ഇത്തരം തട്ടിപ്പ് കണ്ടെത്താൻ സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായി ജില്ല ഭാഗ്യക്കുറി ഓഫിസർ ലിസിയാമ്മ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്.
കരിങ്കുന്നം മേഖലയിലെ കടകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
ലോട്ടറി കടക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ഇത്തരം ക്രമക്കേട് നടത്തുന്നവരുടെ ഏജൻസി റദ്ദാക്കാൻ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോട് ശിപാർശ ചെയ്യുമെന്നും ജില്ല ഓഫിസർ അറിയിച്ചു. പോലീസിന്റെയും ജി.എസ്.ടി വകുപ്പിന്റെയും സഹകരണത്തോടെ പരിശോധന തുടരാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.