യു.കെ/കൊച്ചി : യു.കെയില്‍ ഉടനീളം ആരംഭിക്കുന്ന വൃദ്ധസദന (Old Age Home) പ്രോജക്ടില്‍ പങ്കാളിത്തം നല്‍കാമെന്നും അതുവഴി യു.കെയിലേക്ക് കുടിയേറാമെന്നും വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പിന് കളമൊരുക്കി മലയാളി സംഘം. അയര്‍ലന്റില്‍ പബ് തുടങ്ങാമെന്ന് പറഞ്ഞ് കേരളത്തിലുള്ള മലയാളികളെ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതും ഈ തിരുട്ടു സംഘമാണ്. കഴിഞ്ഞ നാളില്‍ കൊച്ചിയിലെ മുന്തിയ സ്റ്റാര്‍ ഹോട്ടലില്‍ ബിസിനസ്സ് കോണ്‍ക്ലെവ് നടത്തി ഇരകളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ വേദിയില്‍ എത്തിച്ച് പങ്കെടുക്കുന്നവരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുവാനും ഇവര്‍ക്ക് കഴിഞ്ഞു. ഒരു പ്രമുഖ ഇവന്റ് കമ്പനിയായിരുന്നു പരിപാടികള്‍ ക്രമപ്പെടുത്തിയതും പ്രമുഖരെ ക്ഷണിച്ചതും.
ഒരുകോടി രൂപ നല്‍കിയാല്‍ യു.കെയില്‍ ഉടനീളം ആരംഭിക്കുന്ന വൃദ്ധസദന (Old Age Home) പ്രോജക്ടില്‍ പങ്കാളിയാക്കാമെന്നും പത്തുവര്‍ഷത്തെ ബിസിനസ്സ് കരാര്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞിരുന്നു. സ്പോട്ട് ബുക്കിംഗ് നടത്തി പണം നല്‍കുന്നവര്‍ക്ക് വമ്പന്‍ ഇളവുകളും ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ക്ലേവില്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടിയുടെ തുടക്കം മുതല്‍തന്നെ സംശയം ഉണ്ടായിരുന്നു. സംശയ നിവാരണത്തിനായി സംഘത്തിലെ പ്രധാനികളുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും വ്യക്തമായി പറയുവാന്‍ ആരും തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സംഘടന യു.കെയിലും അയര്‍ലന്റിലും കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വമ്പന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
ഒരുകോടി രൂപ നല്‍കുന്ന ബിസിനസ് പങ്കാളിക്ക് വൃദ്ധസദനത്തിലേക്ക് ജോബ് വിസ നല്‍കി ഇവരെ അവിടെ ജോലി ചെയ്യിക്കുവാനായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഉദ്ദേശ്യം. യു.കെ നിയമപ്രകാരം തയ്യാറാക്കുന്ന പത്തുവര്‍ഷത്തെ കരാറില്‍ ഒപ്പിടുന്നതോടെ ഒരുകോടി നല്‍കിയ വൃദ്ധസദനത്തിന്റെ മുതലാളി അവിടെ ക്ലീനിംഗ് ജോലികള്‍ ചെയ്യേണ്ട ഗതികേടിലാകും. ഒരുകോടി നല്‍കി പത്തുവര്‍ഷം അടിമയെപ്പോലെ കഴിയേണ്ടിവരുമെന്ന് മനസ്സിലാക്കിയ പലരും യു.കെ യില്‍ വൃദ്ധസദന മുതലാളി ആകേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം.
സംഘത്തില്‍ നാലോളം പേരാണ് ഉള്ളത്. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട സ്വദേശികളാണ് ഇവരെന്ന് സംശയിക്കുന്നു. ഇതില്‍ പലരും യു.കെ, അയര്‍ലണ്ട് പൌരത്വം നേടിയവരാണ്. വിദേശ പൌരന്മാര്‍ നിയമവിരുദ്ധമായാണ് കൊച്ചിയില്‍ കോണ്‍ക്ലെവ് നടത്തി സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് കോണ്‍ക്ലെവില്‍ പങ്കെടുത്തവര്‍















