മലപ്പുറം: ഇല്ലാത്ത നിക്ഷേപ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ രണ്ടുപേർ വണ്ടൂർ പൊലീസിന്റെ പിടിയിൽ. നിക്ഷേപിച്ചതിന്റെ ഇരട്ടി തുക നൽകാമെന്നും മാസം തോറും ലാഭവിഹിതവുമായിരുന്നു വാഗ്ദാനം. തട്ടിപ്പിനിരയായവരിലധികവും സാധാരണക്കാരാണ്. വണ്ടൂർ കാപ്പിൽ സ്വദേശി തരിയറ ഹൗസിൽ ദേവാനന്ദ്, ഭാര്യ, സഹോദരി എന്നിവർ ചേർന്ന് രണ്ട് വർഷം മുമ്പ് എം സി ടി അഥവാ ‘മൈ ക്ലബ് ട്രൈഡേഴ്സി’ൽ 5,30,000 രൂപ നിക്ഷേപിച്ചിരുന്നു.
ഇരട്ടി തുകയും മാസം തോറും 70,000 വരെ ലാഭ വിഹിതവും എന്നായിരുന്നു നിക്ഷേപകര്‍ക്ക് പ്രതികള്‍ നല്‍കിയിരുന്ന വാഗ്ദാനം. തുടക്കത്തിൽ ആദ്യ മൂന്ന് മാസം ലാഭവിഹിതം ലഭിക്കുകയും ചെയ്തു. തുടർന്ന് ലാഭം വിഹിതം കിട്ടാതായതോടെ ഇവർ പ്രതികളെ സമീപിപ്പിച്ചപ്പോൾ പണം കമ്പനിയിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം നഷ്ടപ്പെട്ട ദേവാനന്ദ് വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളും വണ്ടൂർ കാപ്പിൽ സ്വദേശികളും സുഹൃത്തുക്കളും പരാതിക്കാരന്റെ ബന്ധുക്കളുമായ പെരക്കാത്ര പ്രവീൺ, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂർ ഇൻസ്‌പെക്ടർ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. സമാന രീതിയിൽ നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വാങ്ങിയ പണം കമ്പനിയിൽ അടച്ചതായും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേ സമയം പണം നിക്ഷേപിച്ചവർക്ക് രസീതോ മറ്റു രേഖകളോ നൽകിയിരുന്നില്ല.പണം നഷ്ടപ്പെട്ട ഏഴോളം പേർ പൊലീസിനെ സമിപിച്ചിട്ടുണ്ട്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയവ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി കുടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.