തിരുവനന്തപുരം: കോട്ടയം കാനറാ ബാങ്കിൽ നിന്നും വ്യാജ രേഖ ഉപയോഗിച്ച് വായ്പ തട്ടിയ മുൻ മാനേജരുള്‍പ്പെടെ നാല് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാനറാ ബാങ്ക് മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ഇടനിലക്കാരായിരുന്ന ബോബി ജേക്കബ്, ടിനു ബോബി, കെ.വി.സുരേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു വർഷം തടവും അഞ്ചു കോടി 87 ലക്ഷവുമാണ് പിഴ. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷിച്ചത്. 2004 ജൂൺ ഏഴ് മുതൽ 2006 ഡിസംബർ 16 എന്നീ കാലഘട്ടത്തിലാണ് അഴിമതി നടക്കുന്നത്.
കേസിലെ രണ്ടാം പ്രതിയായിരുന്നു ബാങ്കിലെ മുൻ മാനേജറെ വെറുതെവിട്ടു. കേസിലെ പ്രതിയായ കെ.വി സുരേഷ് സ്വകാര്യ പണ ഇടപാട് സ്ഥാപനം നടത്തിയിരുന്നു. ഇവിടെ പണയം വച്ചിരുന്ന രേഖകള്‍ ഉപയോഗിച്ചാണ് കാനറ ബാങ്കിലെ ചീഫ് മാനേജറും ഇടനിലക്കാരും ചേർന്ന് ബാങ്കിൽ നിന്നും വായ്പ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് ഇരയായവർക്ക് പ്രതികള്‍ നൽകുന്ന പിഴയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ പ്രതികളുടെ ഭൂമി ലേലം ചെയ്തു പണം ഈടാക്കണമെന്നാണ് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്.
പിഴ തുകയിൽ നിന്ന് പണം നഷ്‌ടമായ കോട്ടയം സ്വദേശി ഉണ്ണിമായകുട്ടിക്ക് അഞ്ച് കോടി രൂപ നൽകണം. കൂടാതെ പണം നഷ്‌ടമായ ഗിരിജയ്ക്ക് 40 ലക്ഷം രൂപയും, അനിൽ രാജ് 25 ലക്ഷം രൂപയും, ശിവരാജൻ ഉണ്ണിത്താന് 5 ലക്ഷം രൂപയും നൽകാന്‍ ഉത്തരവിൽ പറയുന്നു. പ്രതികൾ ഈ പണം നൽകിയില്ലെങ്കിൽ അവരുടെ വസ്‌തുക്കൾ ജപ്‌തി ചെയത് പണം ഈടക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇവർ നാലു പേരും കേസിലെ സാക്ഷികളാണ്.