ചെന്നൈ: തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ സ്‌കൂളുകളിലെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാനവ്യാപകമായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ആദ്യഘട്ടം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യാഴാഴ്ച മധുരയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണ കഴിച്ചത്. കൂടാതെ ഇരുവശങ്ങളിലുമിരുന്ന കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തോടൊപ്പം സ്‌കൂളുകളിൽ ഭക്ഷണം നൽകുന്നത് ചെലവല്ല, സർക്കാരിന്റെ കടമയാണെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് 1922ൽ അന്നത്തെ മദ്രാസ് കോർപ്പറേഷൻ മേയറും മുതിർന്ന പാർട്ടി നേതാവുമായിരുന്ന പി.തിയാഗരായ ചെട്ടിയാണ് ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 1.14 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 33.56 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 417 നഗരങ്ങൾ, 163 ജില്ലകൾ, 728 ഗ്രാമപ്രദേശങ്ങൾ, 237 വിദൂര മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 1545 സ്കൂളുകളിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിൽ വരുത്തും. പ്രഭാത ഭക്ഷണ പദ്ധതിയിൽ ഉപ്മ, കിച്ചടി, പൊങ്കൽ, റവ കേസരി അല്ലെങ്കിൽ സേമിയ കേസരി എന്നിങ്ങനെയാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. ഒരു കാരണത്തിന്റെ പേരിലും ആർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.