ചെന്നൈ: പൊലീസിന്‍റെയും ബൗൺസർമാരുടെയും കാവലില്‍ ചെന്നൈയിൽ ചായ വിൽപ്പന. വിൽക്കുന്നത് ചായയാണെങ്കിലും സൂപ്പർ താരം ചായയല്ല എന്നതാണ് പ്രത്യേകത. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വിൽപന. വൈകീട്ട് നാലിനേ ചായവിൽപ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ചായ സ്പെഷ്യൽ ആയതുകൊണ്ടല്ല ഈ തിരക്ക് , കാരണം മറ്റൊന്നാണ്. തക്കാളി വില 200 തൊട്ടതോടെയാണ് കടയുടമ ആരും വീണും പോകുന്ന ഓഫര്‍ വച്ചത്.
300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകർഷിക്കാൻ കൈപൊള്ളുന്ന ഓഫർ മുന്നോട്ടുവെച്ചത്. അതോടെ തിരക്കായി, ആളായി, ബഹളമായി. തിരക്ക് കൂടിയതോടെ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തി. ടോക്കണ്‍ ചായയുടെ പേരിലെങ്കിലും തക്കാളി കിട്ടിയാൽ ചായ എടുക്കാൻ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ബൗൺസര്‍മാരും വരെ ഇറങ്ങി. തമിഴ്നാട്ടിൽ തൽക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് പറയുന്നത്.