തമിഴ്നാട്: വനിതാ ജയിൽ തടവുകാർ കൈകാര്യം ചെയ്യുന്ന പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ 30 വനിതാ തടവുകാരെ നിയമിക്കുന്നതെന്ന് ജയിൽ വകുപ്പ് അറിയിച്ചു. കുറ്റവാളികളായ സ്ത്രീകളാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനിൽ തൊഴിലെടുക്കുന്നത്. ഇവിടെ തൊഴിലെടുക്കുന്ന തടവുകാർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും. തമിഴ്‌നാട് ജയിൽ വകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. പുഴൽ സെൻട്രൽ ജയിലിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിന് സമീപമാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷൻ ആരംഭിച്ചത്.
പഠിക്കാനും തൊഴിൽ പരിചയം നേടാനും ഇത് അവസരമൊരുക്കുമെന്നും, കുറ്റവാളികളായ സ്ത്രീകളുടെ നവീകരണത്തിനും പുനരധിവാസത്തിനും സമൂഹവുമായുള്ള പുനരൈക്യത്തിനും സഹായിക്കുമെന്നുമാണ് ജയിൽ ഡിജിപി പറഞ്ഞത്. ഇത് ജയിൽ മോചിതരായ ശേഷം അവർക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നും ഡിജിപി പറഞ്ഞു. പുഴൽ, വെല്ലൂർ, കോയമ്പത്തൂർ, പാളയംകോട്ട, പുതുക്കോട്ട എന്നിവിടങ്ങളിൽ സെൻട്രൽ ജയിൽ പരിസരത്ത് 5 പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി. ജയിൽ ബസാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി തമിഴ്‌നാട് ജയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സർക്കാർ നടപടി ആരംഭിച്ചത്.