ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം 2014-ഓടെ ഇല്ലാതായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തെ കാണാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
നൂറ് ശതമാനം വിവിപാറ്റ് എന്ന ആവശ്യത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷൻ ഒരു ഭരണാഘടനാ സ്ഥാപനമാണ്. എന്നാൽ 2014 മുതൽ അതിന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ നാഷനൽ പാന്തേഴ്സ് പാർട്ടി (എൻ.പി.പി) ചെയർമാനും മുൻ മന്ത്രിയുമായ ഹർഷ് ദേവ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ജമ്മുവിലെ നിർവചൻ ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ഹർഷ് ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശകലനം ചെയ്യാൻ ജമ്മുവിലെത്തിയിരുന്നു.