പാരീസ്: റഷ്യൻ ചരക്കുകപ്പൽ തടഞ്ഞ് ഫ്രാൻസ്. ഇംഗ്ലീഷ് ചാനലിൽ വെച്ചാണ് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് യാത്രതിരിച്ച കപ്പൽ തടഞ്ഞതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. യുറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഫ്രാൻസ് വിശദീകരിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നായിരുന്നു യുറോപ്യൻ യൂണിയൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
22 വർഷം പഴക്കമുള്ള കപ്പൽ മാർച്ച് മൂന്നിനാണ് റഷ്യയിൽ എത്തേണ്ടിയിരുന്നതെന്ന് ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഫ്രാൻസിന്റെ പടിഞ്ഞാറൻ പ്രദേശമായ നോർമഡിയിൽ നിന്നാണ് കപ്പൽ യാത്രതിരിച്ചത്. 127 മീറ്റർ നീളമുള്ള ബാൾടിക് ലീഡർ എന്ന കപ്പലാണ് തടഞ്ഞത്. കാറുകളായിരുന്നു കപ്പലിലെ ചരക്ക്. ഫ്രാൻസ് സർക്കാറിന്റെ നിർദേശപ്രകാരം കപ്പൽ പിടിച്ചെടുത്ത് തുറമുത്തെത്തിച്ചുവെന്ന് ഫ്രഞ്ച് നേവി അറിയിച്ചു. കപ്പലിനെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ്. കപ്പലിലെ ജീവനക്കാർ അന്വേഷണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേ സമയം എന്തിനാണ് കപ്പൽ പിടിച്ചുവെച്ചതെന്ന് വ്യക്തമാക്കാൻ ഫ്രാൻസിലെ റഷ്യൻ എംബസികൾ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട് .