പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അയിരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനവും എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ മുഖേന ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിെൻറ സമര്‍പ്പണവും അയിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി ശുദ്ധജല വിതരണ പദ്ധതികള്‍ക്കാണ് തുടക്കംകുറിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
റാന്നിക്കായി നടപ്പാക്കുന്ന ശുദ്ധജലപദ്ധതി അന്തിമഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട അസി. കലക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.മുന്‍ എം.എല്‍.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ ജോസഫ്, ആയിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനിത കുറുപ്പ്, എഴുമറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ മാത്യു, ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണി പ്ലാച്ചേരി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, പ്രദീപ് ആയിരൂര്‍, വര്‍ഗീസ് ഉമ്മന്‍, പ്രകാശ് ഇടിക്കുള, ഉഷ രാധാകൃഷ്ണന്‍, കെ.യു. മിനി എന്നിവര്‍ സംസാരിച്ചു.