ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യാവാടി റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു കാലത്ത് മുംബൈയിലെ കാമാത്തിപുരയിൽ ജീവിച്ചിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പമദാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരേയും നായിക ആലിയ ഭട്ടിനെതിരേയും ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെയും രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റണാവത്ത്.
ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ കുറിച്ചു. ”ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസിൽ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്പോർട്ട് കൈവശം വെയ്ക്കാൻ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകൾക്ക് അഭിനയിക്കാൻ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റർ സ്ക്രീനുകൾ തെന്നിന്ത്യൻ, ഹോളിവുഡ് ചിത്രങ്ങൾക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ളകാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി.
ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യൻസ് ഇല്ലാത്ത മോശം സിനിമകൾ നിർബന്ധപൂർവ്വം ഇയാൾ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകർ നിർത്തണം”- കങ്കണ പറഞ്ഞു. ആലിയയ്ക്കെതിരേ കങ്കണ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ വ്യപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതാദ്യമായല്ല കങ്കണ ആലിയയെ ആക്രമിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദീപിക പദുക്കോൺ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഗെഹരായിയാൻ എന്ന ചിത്രത്തെയും കങ്കണ രൂക്ഷമായി വിമർശിച്ചിരുന്നു.