ജയ്പൂർ: ഇന്ത്യൻ സൈനിക ശക്തിയുടെ വിളംബരമായി രാജസ്ഥാനിലെ പൊഖ്റാനിൽ ഭാരത് ശക്തി അഭ്യാസ പ്രകടനം മാർച്ച് 12ന് നടക്കും. നാളെ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ പ്രകടനം പരിപാടിയിൽ നടക്കും. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന അഭ്യാസം. യുദ്ധടാങ്കുകൾ മുതൽ തേജസ് യുദ്ധവിമാനങ്ങൾ വരെ പങ്കെടുക്കുന്ന ശക്തിപ്രകടനം. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളുമാണ് ഭാരത് ശക്തി പ്രകടനത്തിൽ പങ്കെടുക്കുക. ആത്മനിർഭർ ഭാരത് എന്നതാണ് പരിപാടിയുടെ ആപ്തവാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത സൈനിക മേധാവിയും കര നാവിക വ്യോമസേന മേധാവിമാരും പരിപാടിക്ക് സാക്ഷിയാകും.
തദ്ദേശീയമായി വികസിപ്പിച്ച ആശയ വിനിമയ സംവിധാനങ്ങളുടെയും നെറ്റ് വർക്കുകളുടെയും ക്ഷമതയും അഭ്യാസത്തിന്റെ ഭാഗമായി പരിശോധിക്കും. കെ-9 ആർട്ടിലറി റൈഫിളുകൾ, തദ്ദേശീയ ഡ്രോണുകൾ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര മിസൈലുകൾ എന്നിവയും ശക്തിപ്രകടനം നടത്തും.