ദില്ലി: വികസിത ഇന്ത്യ എന്ന ലക്ഷ്യം പ്രഖ്യാപിച്ച് കൊണ്ട് ബിജെപി പുറത്തിറക്കിയ പ്രകടനപത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ വാഗ്ദാനങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ മാർഗനിർദേശപ്രകാരം തയ്യാറാക്കിയ പ്രകടനപത്രികയിൽ 2036ലെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ബിഡ്, ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) തുടങ്ങി കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമുണ്ട്.
പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ
1. സൗജന്യ റേഷൻ: 2020 മുതൽ 80 കോടിയിലധികം പൗരന്മാർക്ക് സൗജന്യ റേഷൻ നൽകിയിട്ടുണ്ടെന്ന് പ്രകടനപത്രികയില്‍ പറയുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്നാണ് വാഗ്ദാനം.
2. ആരോഗ്യ സേവനങ്ങള്‍: ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നൽകി വരുന്നുണ്ട്. ആയുഷ്മാൻ ഭാരതും അത്തരത്തിലുള്ള മറ്റ് സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് വാഗ്ദാനം.
3.വൈദ്യുതി: പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന പ്രകാരം പാവപ്പെട്ട വീടുകൾക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന് വാഗ്ദാനം.
4. ജനാധിപത്യ വ്യവസ്ഥയിലെ സ്ത്രീ പ്രാതിനിധ്യം: ദീർഘകാലമായി കാത്തിരുന്ന നാരീശക്തി വന്ദൻ അധീനിയം നടപ്പിലാക്കി. പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് വ്യവസ്ഥാപിതമായി നടപ്പാക്കുമെന്ന് പ്രഖ്യാപനം.
5. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍: ആയുഷ്മാൻ ഭാരത് യോജന വിപുലീകരിക്കുകയും മുതിർന്ന പൗരന്മാർക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യും.
6. കര്‍ഷകര്‍ക്കുള്ള സ്കീം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ 6,000 രൂപ വാർഷിക സാമ്പത്തിക സഹായം നൽകുന്നുണ്ട്. കർഷകർക്ക് സുസ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രകടനപത്രികയില്‍ പറയുന്നു.
7. പൗരത്വ നിയമം: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അർഹരായ എല്ലാ വ്യക്തികൾക്കും പൗരത്വം നൽകുന്നതിന് അത് കാര്യക്ഷമമായി നടപ്പാക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.
8. സമ്പദ്‍വ്യവസ്ഥ: ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയെ 11-ൽ നിന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ബിജെപി പറയുന്നത്. ഇനി ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നാണ് വാഗ്ദാനം.
9. തൊഴിലവസരങ്ങള്‍: പൗരന്മാർക്ക് തൊഴിൽ, സ്വയംതൊഴിൽ, ഉപജീവന സാധ്യതകൾ എന്നിവ വർധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് പ്രകടനപത്രികയില്‍ ബിജെപി പറയുന്നു.
10. യൂണിഫോം സിവില്‍ കോഡ്: പാരമ്പര്യങ്ങൾ ഉൾക്കൊണ്ട് ആധുനിക കാലവുമായി യോജിപ്പിച്ച് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നിലപാട് പ്രകടനപത്രികയില്‍ ബിജെപി ആവര്‍ത്തിക്കുന്നുണ്ട്.