മനുഷ്യന്‍റെ നിരന്തരമായ വേട്ടയാടലിനെ തുടര്‍ന്ന് ഇതിനകം വംശനാശം സംഭവിച്ച നിരവധി ജീവിവര്‍ഗങ്ങളുണ്ട്. പല പ്രദേശത്ത് നിന്നും ഇതിനകം തദ്ദേശീയ മൃഗങ്ങള്‍ പലതും അപ്രത്യക്ഷമായി. ഇത്തരമൊരു വംശനാശം ഭൂമിയുടെ ആവാസവ്യവസ്ഥയെയും അതിന്‍റെ സന്തുലിതാവസ്ഥയെയും തകർക്കുമെന്ന് തിരിച്ചറിഞ്ഞ ചിലര്‍, മൃഗങ്ങളെ അത്യന്തികമായ വംശനാശത്തില്‍ നിന്നും രക്ഷപ്പെടുത്താനായി ഇറങ്ങിത്തിരിച്ചു. ലോകമെങ്ങും ഇത്തരത്തിലുള്ള നിരവധി പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പുകളും ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
അത്തരമൊരു ദൌത്യം വിജയം കണ്ടെതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പർവീൺ കസ്വാൻ ഐഎഫ്എസ്. രാജസ്ഥാനിലെ സരിസ്‌ക ടൈഗർ റിസർവിൽ നിന്നുള്ള ഒരു കടുവ കുടുംബത്തിന്‍റെ ചിത്രമായിരുന്നു അത്. തന്‍റെ നാല് കുഞ്ഞുങ്ങളോടൊത്ത് ST22 എന്ന് പേരുള്ള കടുവയുടെ ചിത്രമാണ് പർവീണ്‍ കസ്വാന്‍ പങ്കുവച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ഏതൊരു സംരക്ഷകനെയും സന്തോഷിപ്പിക്കുന്ന ചിത്രം. സരിസ്കയിലെ ST22, നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സരിസ്ക സംരക്ഷണ വിജയത്തിന്‍റെ അത്ഭുതകരമായ കഥയാണ്. പതിനാറ് വർഷത്തിനുള്ളിൽ പൂജ്യം കടുവകളിൽ നിന്ന് 40 കടുവകളിലേക്ക്. ഗ്രൗണ്ട് സ്റ്റാഫും ഓഫീസർമാരും ചെയ്ത അത്ഭുതകരമായ ജോലി,’
ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. ഇതിനകം അരലക്ഷത്തോളം പേരാണ് ചിത്രവും കുറിപ്പും കണ്ടത്. ‘ഒരാളിൽ സന്തോഷം നിറയ്ക്കുന്ന ഒരു പോസ്റ്റ് ഇതാ! കൂടുതൽ വരയുള്ള സന്യാസിമാർ,’ ഒരു കാഴ്ചക്കാരന്‍ തന്‍റെ സന്തോഷം മറച്ച് വയ്ക്കാതെ കുറിച്ചു. ‘സാക്ഷിക്കാൻ മനോഹരമായ കാഴ്ച.’, ‘മഹത്തായ സംരക്ഷണ പ്രവർത്തനം’, കാഴ്ചക്കാര്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചു. ‘ഇതാദ്യമായാണ് എസ്ടി-22 പ്രസവിക്കുന്നത്. 2008-ൽ കടുവയെ പുനരധിവസിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് സരിസ്‌ക ടൈഗർ റിസർവിലെ രണ്ട് കടുവകൾ ഈ വർഷം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതൊരു ചരിത്ര സംഭവമാണ്. മാർച്ചിൽ എസ്ടി-12 എന്ന 10 വയസ്സുള്ള കടുവ മൂന്ന് കുട്ടികളുമായി ക്യാമറയിൽ പതിഞ്ഞിരുന്നു. കടുവ നാല് പ്രസവിച്ചതായി ഇപ്പോൾ തെളിവ് ലഭിച്ചു.’ സരിസ്ക ടൈഗർ റിസർവ് (എസ്ടിആർ) ഫീൽഡ് ഡയറക്ടർ മഹേന്ദ്ര ശർമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.