അബുദാബി: യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 62 ഫില്‍സിന്റെ കുറവാണ് ഇന്ധനവിലയില്‍ വന്നിരിക്കുന്നത്. ആഗോള വിപണിയിലെ ഇന്ധനവില അടിസ്ഥാനപ്പെടുക്കിയാണ് ചില്ലറ വിപണിയിലെയും വിലയില്‍ മാറ്റം വരുത്തുന്നത്.
യുഎഇയില്‍ ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് ഇന്ധന വില കുറയുന്നത്. ഓഗസ്റ്റ് മാസത്തിലും 60 ഫില്‍സിന്റെ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 3.41 ദിര്‍ഹമായിരിക്കും ഈടാക്കുക. ഓഗസ്റ്റ് ഇത് 4.03 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന് ഓഗസ്റ്റിലെ വിലയായ 3.92 ദിര്‍ഹത്തില്‍ നിന്ന് ഈ മാസം 3.30 ദിര്‍ഹമായാണ് വില കുറഞ്ഞിരിക്കുന്നത്. ഇ-പ്ലസ് 91 പെട്രോളിന് ഓഗസ്റ്റില്‍ 3.84 ദിര്‍ഹമായിരുന്നു വില. ഇത് സെപ്റ്റംബറില്‍ 3.22 ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വിലയിലും കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബറില്‍ ഒരു ലിറ്റര്‍ ഡീസലിന് 3.87 ദിര്‍ഹമായിരിക്കും വില. ഓഗസ്റ്റില്‍ ഇത് 4.14 ദിര്‍ഹമായിരുന്നു.
സൂപ്പര്‍ 98 പെട്രോളിന്റെ വിലയില്‍ 15.4 ശതമാനവും സ്‍പെഷ്യല്‍ 95 പെട്രോള്‍ വിലയില്‍ 15.8 ശതമാനവും ഇ-പ്ലസ് 91 പെട്രോളിന് 16.1 ശതമാനവുമാണ് വില കുറഞ്ഞത്. അന്താരാഷ്‍ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ കുറവിന്റെ ഭാഗമായാണ് യുഎഇയിലും ഇന്ധന വില കുറഞ്ഞത്. 2015ലാണ് ഇത്തരത്തില്‍ ആഗോള വിപണിയിലെ വില അടിസ്ഥാനപ്പെടുത്തി യുഎഇയില്‍ ഇന്ധന വില നിജപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന് ശേഷം ആദ്യമായി ഈ വര്‍ഷം ജൂണില്‍ വില നാല് ദിര്‍ഹം കടന്നിരുന്നു. പിന്നീട് ജൂലെയില്‍ സര്‍വകാല റെക്കോര്‍ഡായ 4.63 ദിര്‍ഹത്തിലേക്ക് വില ഉയര്‍ന്നു. അതിന് ശേഷമാണ് ഓഗസ്റ്റിലും സെപ്‍റ്റംബറിലും വില കുറഞ്ഞത്.