കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബമ്പർ പ്രഖ്യാപിച്ചത്. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപ ടിക്കറ്റിന്റെ മൂന്നാം സമ്മാനം 1 കോടി വീതം പത്ത് പേർക്കാണ് ലഭിക്കുന്നത്. ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രധാന ആകർഷണീയതയും ഇത് തന്നെയാണ്. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. ജൂലൈ 18ന് ആരംഭിച്ച ബമ്പർ വിൽപ്പന ദ്രുതഗതിയിൽ മുന്നേറുകയാണ്. നറുക്കെടുപ്പ് അടുക്കുന്തോറും വിൽപ്പനയിൽ നേരിയ വർദ്ധനവ് ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
സെപ്റ്റംബർ 18 നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണ് സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുള്ളത്. ഇതിൽ 40 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ച് കഴിഞ്ഞത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മീഷൻ ഇനത്തിൽ ലഭിക്കുകയും ചെയ്യും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ. ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
തിരുവോണം ബമ്പറിന്റെ സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം- 25 കോടി
രണ്ടാം സമ്മാനം- 5 കോടി
മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)
നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്
അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.
25 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.