ബെംഗളൂരു : ഇന്നലെ അന്തരിച്ച ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് ബെംഗളുരുവിൽ നടക്കും. രാവിലെ 11 മണിക്കും 12 മണിക്കുമിടയിൽ കോക്സ് ടൗണിലുള്ള കല്ലഹള്ളി ക്രിമറ്റോറിയത്തിലാകും അന്തിമ സംസ്കാരച്ചടങ്ങുകൾ. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്ന ടിപിജി നമ്പ്യാർ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പ്രമുഖർ ടിപിജി നമ്പ്യാർക്ക് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ബിപിഎല്ലിന്റെ നേതൃനിരയിലുള്ളവരുൾപ്പടെ വ്യവസായമേഖലയിലെ നിരവധി പ്രമുഖർ നേരിട്ടെത്തിയും അനുശോചനം അറിയിച്ചു. മരുമകനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം തൽക്കാലം വെട്ടിച്ചുരുക്കി ഇന്നലെ തന്നെ ബെംഗളുരുവിലെത്തിയിരുന്നു.