ആലപ്പുഴ: ലഹരി ഉപയോഗിക്കുന്നവർ ഏത് സ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണമെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആർ.എസ്.പി (ലെഫ്റ്റ്) സംസ്ഥാന നേതൃസംഗമത്തിന്‍റെ ഭാഗമായി ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുറത്താക്കാനുള്ള കെൽപും ധൈര്യവും ആ പ്രസ്ഥാനത്തിനുണ്ടാകണം. വോട്ടിനുവേണ്ടി വരുന്നവരെയെല്ലാം കൂടെക്കൂട്ടരുത്. ലഹരി ഉപയോഗിക്കുന്നതിൽനിന്ന് ഇടതുപക്ഷം സമ്പൂർണമായി ശുദ്ധമാകണം -അദ്ദേഹം പറഞ്ഞു.മതസ്ഥാപനങ്ങളും മതസംഘടനകളുമുണ്ടായിട്ടും മതവിശ്വാസികൾക്ക് നിഷേധിക്കപ്പെട്ട ഇത്തരം കാര്യങ്ങൾ നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം.
ലഹരിക്കെതിരെ ശക്തമായ നിയമവും തടയാനുള്ള സംവിധാനവുമുണ്ട്. ഇത് എന്തുകൊണ്ട് തടയുന്നില്ല. സ്കൂളുകളിൽ തടയാൻ പി.ടി.എ ഇല്ലേ. സ്കൂളുകൾക്ക് മുന്നിൽ ലഹരിക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും പഞ്ചായത്ത് അംഗങ്ങളും യുവജന-വിദ്യാർഥി സംഘടനകളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ.കെ. ജയരാജ്, സംസ്ഥാന സമിതി അംഗം പി.ടി. കണ്ണൻ, എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു.