കൊച്ചി : സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ സിപിഎം നേതൃത്വത്തിനു കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കത്തു നൽകിയത്. കത്തു നൽകിയ കാര്യം സുധാകരൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകൾ വരട്ടെയെന്നുമാണ് ജി.സുധാകരന്റെ നിലപാട്. ജില്ലാ ഘടകത്തിൽ തുടരാമെന്നും പാർട്ടി ഇക്കാര്യത്തിൽ നിലപാടെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ജി.സുധാകരൻ തുടരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. 75 വയസ്സ് എന്ന പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയാൽ ജി.സുധാകരനു നേതൃത്വത്തിൽനിന്ന് ഒഴിയേണ്ടിവരും.
കേരളത്തിൽനിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പിണറായി വിജയനും എസ്.രാമചന്ദ്രൻ പിള്ളയുമാണ് 75 എന്ന പ്രായപരിധിക്കു പുറത്തുള്ളവർ. മുഖ്യമന്ത്രി കൂടിയായ പിണറായിക്കു കേന്ദ്ര നേതൃത്വം ഇളവ് നൽകുമെന്നുറപ്പ്. 83 വയസ്സ് പിന്നിട്ട എസ്ആർപിയെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രത്യേക പരിഗണന നൽകിയാണ് പിബിയിൽ തുടരാൻ അനുവദിച്ചത്. ഇത്തവണ പിബിയിൽനിന്ന് ഒഴിവാക്കുന്ന എസ്ആർപിയെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ പി.കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ് എന്നിവരും ഒഴിവാക്കപ്പെടും.