തിരുവനന്തപുരം : ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ കടുത്ത വിമർശനവുമായി ആഞ്ഞടിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കി. കേരളത്തിൽ എല്ലാ മതങ്ങളെ സ്നേഹിച്ച് കൊണ്ടും അവരവരുടെ ആരാധനയെ ശരിവെച്ചുകൊണ്ടും മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന്റേത്. എന്നാൽ നമ്മൾ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ ഒരു തരത്തിലും വിട്ട് വീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും. എൻഎസ്എസും ബിജെപിയും ആർഎസ്എസും ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. അവരോടൊപ്പം യോജിച്ച് പ്രവർത്തിക്കാനാണ് എൻഎസ്എസ് തീരുമാനമെന്നും സുകുമാരൻ നായർ വിശദീകരിച്ചു.
എ എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല.സ്പീക്കർ രാജി വെക്കണമെന്നാവശ്യപ്പെടുന്നില്ല. ഇത്രയും മോശമായരീതിയിൽ സംസാരിച്ച ആൾ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടാനുളളത്. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം. ഇങ്ങനെ ചെയ്യില്ലെങ്കിൽ സർക്കാർ വേണ്ട നടപടി സ്വീകരിക്കണം. വിശ്വാസത്തിൽ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നിൽക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാൻ ഗണപതിയുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു.
എ കെ ബാലനെ വിമർശിച്ച സുകുമാരൻ നായർ, ബാലന് ആര് മറുപടി പറയാനെന്നും അയാൾക്ക് തുണ്ടുവിലയല്ലേ ഉള്ളൂവെന്നും പറഞ്ഞു. നായൻമാരായ ബിജെപിക്കാരാണ് തന്നെ സ്വീകരിക്കാൻ വന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും നായൻമാരുണ്ട്. ഇത്ര നാളായി ഷംസിറിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരിൽ ഏറെയും ചില പുഴുക്കുത്തുകൾ ഉണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരൻ നായർ പറഞ്ഞു.