ദില്ലി: ദില്ലിയിൽ നടക്കുന്ന ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായി ഇന്ത്യ. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്.ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സംയുക്തപ്രഖ്യാപനത്തിൽ യുക്രെയിൻ സംഘർഷം ഉൾപ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിർക്കുകയാണ്. റഷ്യൻ നിലപാട് കൂടി പരാമർശിച്ചില്ലെങ്കിൽ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് വ്യക്തമകാക്കി. ചൈനയുടെ പിന്തുണയും ഇക്കാര്യത്തിൽ റഷ്യയ്ക്കുണ്ട്. എന്നാൽ റഷ്യയുടെ യുദ്ധവെറിക്കെതിരെ ശക്തമായ സന്ദേശം ദില്ലി പ്രഖ്യാപനം നൽകണമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്‍റെ നിർദ്ദേശം. ജി20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വെക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് ഇന്ത്യയുടെ നിർദ്ദേശം.