ദില്ലി: ജി20 ഉച്ചകോടിയിലൂടെ ലോകം ഇന്ത്യയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്, ഇന്ത്യ ലോകമായി മാറിയിരിക്കുകയാണ്. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിക്കായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ലോക രാഷ്ട്രീയത്തിന്‍റെയും സാമ്പത്തികരംഗത്തിന്‍റേയും ഭാവിതീരുമാനങ്ങളില്‍ നിര്‍ണായകമാകുന്ന ജി20 സമ്മേളനം ആഗോള നേതാക്കളെ സംബന്ധിച്ച് ഇന്ത്യയെ കൂടുതലായി അറിയാനുള്ള അവസരം കൂടിയാണ്. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ എല്ലാ പ്രൗഢമായ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതിക്കൊണ്ടാണ് ജി20 സമ്മേളനത്തിന് ഇന്ത്യ വേദിയാവുന്നത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യത്തലവന്‍മാരെയും വിശിഷ്‌ടാതിഥികളേയും രാജ്യത്തിന്‍റെ സംസ്‌കാരം വിളിച്ചോതുന്ന സ്വീകരണം നല്‍കിയാണ് ഇന്ത്യ വരവേല്‍ക്കുന്നത്. ഒഡിഷയിലെ പുരിയിലുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകയ്‌ക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ ഹസ്‌തദാനം ചെയ്‌ത് വലവേല്‍ക്കുന്നത്. നരസിംഹദേവന്‍ ഒന്നാമന്‍ രാജാവിന്‍റെ കാലത്ത് 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചരിത്ര നിര്‍മ്മിതിയാണ് പുരിയിലെ കൊണാർക്ക് ക്ഷേത്രം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രമാണിത്. ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ അടയാളങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊണാര്‍ക്കിലെ ക്ഷേത്രം വലിയ രഥാകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. രഥാകൃതിയിലുള്ള ഈ ക്ഷേത്രത്തിലെ 24 ചക്രങ്ങളാണ് കൊണാര്‍ക്ക് വീല്‍ എന്നറിയപ്പെടുന്നത്.
ജി20 ഉച്ചകോടിക്കായി രാജ്യത്തലവന്‍മാരും ക്ഷണിതാക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജി20ക്കായി ദില്ലിയിൽ എത്തി. യു എൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ് ഭാരത് മണ്ഡപത്തിൽ എത്തിച്ചേര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ തുടങ്ങിയവരെല്ലാം ഉച്ചകോടിക്കായി ദില്ലിയിലുണ്ട്.