ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനു പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിർദ്ദേശം തള്ളി കോൺഗ്രസിൻ്റെ സംഘടനാ വിഭാഗം. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്തം തങ്ങൾക്കല്ല. സംഘടനാ വിഭാഗത്തിൽ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികൾക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിൻ്റെ അധ്യക്ഷതയിലുള്ള കോൺഗ്രസ് സംഘടനാ വിഭാഗം പറയുന്നത്. താൻ രാജിവെക്കണമെന്ന ആവശ്യം പോലും കെസി വേണുഗോപാൽ നിരസിച്ചു. ഇക്കാര്യത്തിൽ തൻ്റെ രാജി ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ഗൂഢാലോചനയാണ്.
ആരോപണങ്ങൾ വസ്തുതാപരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അതത് സംസ്ഥാനങ്ങളിൽ സമിതികൾ രൂപീകരിച്ചിരുന്നു. ഇവർക്കുള്ള സഹായം നൽകുക മാത്രമാണ് സംഘടനാ വിഭാഗം ചെയ്തിട്ടുള്ളത് എന്നും സംഘടനാ വിഭാഗം പറഞ്ഞു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോർട്ട് നേരത്തെ തന്നെ കോൺഗ്രസ് നിഷേധിച്ചിരുന്നു. വാർത്ത തെറ്റാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ സാങ്കൽപ്പിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന ഇത്തരം തെളിവില്ലാത്ത പ്രചരണ കഥകൾ നൽകുന്നത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പ്രിയങ്കാ ഗാന്ധിയും സോണിയാഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. മുതിർന്ന നേതാക്കൾക്കിടയിലെ ഭിന്നത തുടർന്നാൽ സോണിയാഗാന്ധിയും രാജിക്കൊരുങ്ങും. നാളത്തെ പ്രവർത്തക സമിതിയിൽ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാറെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജി 23 വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്. സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തർ പ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതലയിൽ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.