ന്യൂഡൽഹി: ദേശീയപാത വികസനത്തിനായി കേരളം പണം നൽകിയിട്ടില്ലെന്ന ബി.ജെ.പി അധ്യക്ഷന്റെ വാദം പൊളിച്ച് വകുപ്പ് മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി. എ.എ റഹീം എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്. ദേശീയപാതയുടെ വികസനത്തിനായി ഇതുവരെ കേരളം 5,519 കോടി രൂപ നൽകിയെന്ന് ഗഡ്കരി റഹീമിന്റെ ചോദ്യത്തിന് നൽകി.
കേരളത്തിന് പുറമേ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് ദേശീയപാത 66ന്റെ ഗുണഭോക്താക്കൾ. ഇതിൽ കേരളവും ഗോവയുമൊഴികെ മറ്റൊരു സംസ്ഥാനവും ദേശീയപാതക്കായി പണം മുടക്കിയിട്ടില്ലെന്ന് ഗഡ്കരി അറിയിച്ചു. ഭൂമിയുടെ വില കൂടുതലായതിനാൽ 16 പദ്ധതികളുടെ 25 ശതമാനം ചെലവ് കേരളം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
നാഗാലാൻഡ്, മണിപ്പൂർ, അസം സംസ്ഥാനങ്ങൾ ദേശീയപാതക്കുള്ള ഭൂമി സൗജന്യമായി നൽകാമെന്ന് അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമി നൽകാമെന്ന് മധ്യപ്രദേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞിൻ്റെ മൂത്താപ്പ ചമയുന്നെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കേരളം ദേശീയപാതാ വികസനത്തിന് പണം നൽകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന മറുപടിയാണ് നിതിൻ ഗഡ്കരി സഭയിൽ നൽകിയത്.