ദുര്‍ഗാ പൂജ സമയത്ത് മഹിഷാസുരന്‍റെ പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖവുമായി സമാനത കണ്ട സംഭവത്തില്‍ ഹിന്ദു മഹാസഭയ്ക്കെതിരെ ഒളിയമ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദുര്‍ഗാ പൂജാ സമയത്ത് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ ഘടകം കൊല്‍ക്കത്തയിലൊരുക്കിയ ഒരു പന്തലിലെ മഹിഷാസുരന്‍റെ പ്രതിമ സംബന്ധിയായ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ് മമതാ ബാനര്‍ജി. ദുര്‍ഗാ പൂജ സമയത്ത് വിവാദമായ സംഭവത്തില്‍ വ്യാഴാഴ്ചയാണ് മമത ബാനര്‍ജി പ്രതികരണവുമായി എത്തിയത്.
നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നുവെന്നും അങ്ങേയറ്റം നിരാശ തോന്നിച്ച സംഭവമായിരുന്നു അതെന്നുമാണ് മമതാ ബാനര്‍ജി പറയുന്നത്. ദുര്‍ഗാ പൂജ സമയത്ത് ഇത് സംബന്ധിച്ച് പ്രതികരിക്കാത്തതിനുള്ള കാരണവും മമത വിശദമാക്കി. ആ സമയത്ത് നടത്തുന്ന പ്രതികരണം പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചേനെയെന്നും അതിനാലാണ് പ്രതികരണങ്ങളൊന്നും നടത്താതിരുന്നതെന്നുമാണ് മമത വിശദമാക്കന്നത്. എന്ത് ശിക്ഷയാണ് അത് ചെയ്തവര്‍ക്ക് നല്‍കിയത്. പൊതുജനം നിങ്ങള്‍ക്കുള്ള മറുപടി നല്‍കുമെന്നും മമത പറഞ്ഞു. മഹിഷാസുരന്‍റ പ്രതിമയുടെ മുഖം ഗാന്ധിജിയുടെ മുഖത്തോട് സാമ്യം തോന്നുന്ന തരത്തിലായിരുന്നു. ഈ പ്രതിമയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഹിന്ദു മഹാസഭ പൂജാ പന്തലില്‍ നിന്ന് ഈ പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
എന്നാല്‍ ഗാന്ധിജിയുടെ മുഖവുമായി വന്ന സാമ്യം യാദൃശ്ചികം മാത്രമെന്നാണ് ഹിന്ദുമഹാസഭയുടെ പന്തല്‍ സംഘാടകര്‍ പ്രതികരിച്ചത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് പന്തലിലെത്തി പ്രതിമയുടെ മുഖം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രതിമ നീക്കം ചെയ്തുവെന്നും ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രാചുര്‍ ഗോസ്വാമി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു.
ആരുടേയും വികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നില്ല ആ പ്രതിമയെന്നും പൊലീസ് നിര്‍ദ്ദേശിച്ച മാറ്റം പ്രതിമയ്ക്ക് നല്‍കിയെന്നും ചന്ദ്രാചുര് ഗോസ്വാമി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപിതാവിനെ അപമാനിക്കലാണ് ഈ നടപടിയിലൂടെ ഉണ്ടായതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചത്. രാജ്യത്തെ ഓരോ പൌരനെതിരായുള്ള അപമാനമാണ് സംഭവിച്ചതെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു നടപടിയെക്കുറിച്ച് ബിജെപിക്ക് പറയാനുള്ളതെന്താണെന്നും കുനാല്‍ ഘോഷ് ചോദിച്ചു. ദുര്‍ഗാ പൂജ സമയത്തുണ്ടായ വിവാദങ്ങളേക്കുറിച്ച് സംസ്ഥാന ബിജെപി നേതൃത്വം അകലം പാലിക്കുകയായിരുന്നു ചെയ്തത്.